ഡെങ്കി : മരണം വീണ്ടും. കൊറ്റിയോട് വീട്ടമ്മ മരണപ്പെട്ടു.

മണ്ണാര്‍ക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി. കൊറ്റിയോട് വീട്ടമ്മ മരണപ്പെട്ടു. റേഷന്‍കട വ്യാപാരി ശശിയുടെ മാതാവ്, വയങ്കര പുത്തന്‍ വീട്ടില്‍ കമലാക്ഷിയമ്മ (66) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 4 : 30 മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

News

ഡെങ്കി : തലപുകഞ്ഞ് നഗരസഭയില്‍ സമഗ്രതല യോഗം.

മണ്ണാര്‍ക്കാട് അതിവേഗം പടരുന്ന ഡെങ്കിപ്പനിയ്‌ക്കെതിരെ പ്രതിരോധ നടപടികള്‍ക്കായി തലപുകയുകയാണ് നഗരസഭയില്‍. സമഗ്രതലയോഗം ചൊവ്വാഴ്ച്ച നടന്നു. ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദയുടെ നേതൃത്വത്തിലാണ് യോഗം ആരംഭിച്ചത്. റവന്യൂ, ആരോഗ്യ, വാഹന, രാഷ്ട്രീയ, വ്യാപാര മേഖലകളിലെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് യോഗം നടന്നത്. ഡെങ്കിയുടെ അതിപ്രസരത്തിന് തടയിടാന്‍ ജൂണ്‍ 30 ന് ശുചിത്വദിനമായി ആചരിക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. അന്ന് വ്യാപാര, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശുചിത്വ നടപടികള്‍ക്കായി സഹകരിക്കണമെന്ന നിര്‍ദ്ദേശം നല്‍കും. നഗരപരിധിയില്‍ വരുന്ന തോരാപുരം, വടക്കുമണ്ണം, അരകുര്‍ശ്ശി, നടമാളിക തുടങ്ങിയ വാര്‍ഡുകളിലുള്‍പ്പെടെ അനാഥമായി കാണപ്പെടുന്ന സ്ഥലത്തെ മാലിന്യ കൂമ്പാരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഈ സ്ഥലത്തിന്റെ ഉടമസ്ഥരെ കണ്ടെത്തി മാലിന്യം നീക്കിയില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ അധികൃതര്‍ക്ക് കൗണ്‍സിലര്‍ തലത്തില്‍ പരാതി നല്‍കും. പകര്‍ച്ച വ്യാധികളുടെ അതിപ്രസരത്തില്‍ രോഗികള്‍ ഇരച്ചു കയറുന്ന താലൂക്ക് ആശുപത്രി സംവിധാനം ക്രിയാത്മകമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. രോഗികള്‍ക്കായി ഉച്ചയ്ക്ക് ശേഷം രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ ഡി.എം.ഒ യോട് ആവശ്യപ്പെടും. ഇവരുടെ സമയ നിഷ്ഠയും ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കും. കൂടാതെ ഡെങ്കി സ്ഥിരീകരിക്കുന്നതിനുള്ള രക്ത പരിശോധനയ്ക്കായുള്ള മെഡിക്കല്‍ കിറ്റ് ആവശ്യാനുസരണം ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു.

കനത്തമഴ : കോല്‍പ്പാടത്ത് കിണര്‍ ഇടിഞ്ഞിറങ്ങി.

തെങ്കര ഗ്രാമപഞ്ചായത്തിലെ 7 ാം വാര്‍ഡായ കോല്‍പ്പാടം പ്രദേശത്താണ് കിണര്‍ ഇടിഞ്ഞിറങ്ങിയത്. രണ്ടു ദിവസങ്ങളിലായി ലഭിച്ച കനത്ത മഴയില്‍ കോല്‍പ്പാടം സ്വദേശിയായ മാങ്കുടക്കുഴിയില്‍ മുഹമ്മദാലിയുടെ കിണറാണ് ഇടിഞ്ഞിറങ്ങിയത്. 25 വര്‍ഷം പഴക്കമുള്ളതും 35 അടി താഴ്ച്ചയുള്ളതുമാണ് കിണര്‍. വേനല്‍കാലത്ത് സമീപത്തെ പ്രദേശവാസികള്‍ വെള്ളം സംഭരിച്ചിരുന്നത് ഈ കിണറില്‍ നിന്നാണ്. തിങ്കളാഴ്ച്ച രാത്രി മുതല്‍ ഇടിഞ്ഞിറങ്ങാന്‍ തുടങ്ങിയ കിണര്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയോടെ പൂര്‍ണ്ണമായും താഴ്ന്നിറങ്ങി. കിണറിന്റെ ഈ അവസ്ഥയില്‍ മുഹമ്മദാലിയുടെ കുടുംബം വെള്ളം സംഭരിക്കുന്നതില്‍ ദുരിതം അനുഭവിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ അധികാരികള്‍ ശ്രദ്ധപുലര്‍ത്തണമെന്ന് വാര്‍ഡ്‌മെമ്പര്‍ റഷീദ് കോല്‍പ്പാടം പറഞ്ഞു.

ആവണക്കുന്ന് മുണ്ടക്കാട് റോഡ് തകര്‍ന്നിട്ട് 12 വര്‍ഷം : പ്രതിഷേധിച്ച് യുവകൂട്ടായ്മ റോഡില്‍ വാഴനട്ടു.

കുമരംപുത്തൂര്‍ ആവണക്കുന്ന് മുണ്ടക്കാട് ഹൈസ്‌ക്കൂള്‍ റോഡ് തകര്‍ന്നിട്ട് 12 വര്‍ഷം പിന്നിടുകയാണ്. പ്രദേശവാസികളുടേയും പൊതുപ്രവര്‍ത്തകരുടേയും പരാതികള്‍ വര്‍ഷംതോറും അധികാരികളെ അറിയിച്ചെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് നിരവധി സ്‌ക്കൂളുകളേയും മദ്രസകളേയും ബന്ധിപ്പിക്കുന്ന ഏകഗതാഗത മാര്‍ഗ്ഗമാണിത്. ഇതില്‍ പ്രതിഷേധിച്ച് മുണ്ടക്കാട് സെഞ്ച്വറി ക്ലബ്ബ് പ്രവര്‍ത്തകരും മുണ്ടക്കാട് കോളനി നിവാസികളും റോഡിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധിച്ചു. റോഡിന്റെ നവീകരണ പ്രശ്‌നവുമായി വാഗ്ദാനങ്ങള്‍ മാത്രമാണ് അധികാരികള്‍ നല്‍കിയിട്ടുള്ളതെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ക്ലബ്ബ് സെക്രട്ടറി പ്രകാശ്, പ്രസിഡന്റ് സുരേഷ്, ജയേഷ്, രാജന്‍, മണികണ്ഠന്‍ എന്നിവരും സമരത്തിന് നേതൃത്വം നല്‍കി.

ദുബായ് KMCC ധനസഹായ വിതരണം നടത്തി.

ദുബായ് കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചികിത്സാ ധനസഹായ വിതരണവും എസ്.എസ്.എല്‍.സി പരീക്ഷാ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തി. ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നാസര്‍ പടുവില്‍ അദ്ധ്യക്ഷനായി. ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എന്‍.ഹംസ, ടി.എ സിദ്ധീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, സി.മുഹമ്മദ് ബഷീര്‍, കെ.യൂസഫ്, ഹുസൈന്‍ കളത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി ജംഷാദ് വടക്കേതില്‍ സ്വാഗതവും ജാഫര്‍ അക്കര നന്ദിയും പറഞ്ഞു.

District News

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍

കാര്‍ഷിക-ഉത്പാദന മേഖലയ്ക്ക് മുന്‍ഗണന കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാറില്‍ കാര്‍ഷിക-ഉത്പാദന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി 1.75 കോടി വകയിരുത്തി. കൃഷിവകുപ്പ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ജില്ലാ-ഗ്രാമ പഞ്ചയത്തുകള്‍ എന്നിവയുമായി സഹകരിച്ച് പഴം-പച്ചക്കറി- കൃഷി-നാണ്യവിളകളുടെ വിപുലീകരണത്തിനും പ്രാധാന്യം നല്‍കാന്‍ വികസന സെമിനാറില്‍ ധാരണയായി .തരിശു ഭൂമിയില്‍ കൃഷിയിറക്കുന്ന കുടുംബശ്രീ പോലുള്ള കൂട്ടായ്മകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും പദ്ധതിയുണ്ട്. പൂര്‍ണമായ യന്ത്രവത്കരണത്തിലൂടെ ഉത്പാദനമേഖലയെ മുന്നോട്ട് നയിക്കാനും പ്രത്യക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കെ.ബാബു എം.എല്‍.എ. വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് എം.എ.ഗണേശന്‍, സെക്രട്ടറി എന്‍.പി.ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാലിനി കറുപ്പേഷ്, ശശികല എന്നിവര്‍ പങ്കെടുത്തു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗം

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന് നേതൃത്വം നല്‍കാന്‍ ലൈബ്രറി കള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പ്ലസ് ടു , കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ജില്ലാ വായന മത്സരത്തില്‍ വിജയികളായ ഐശ്വര്യ. എസ്. മേനോന്‍, നന്ദന ജി. എന്നിവര്‍ക്കുള്ള കാഷ് പ്രൈസും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഷീല്‍ഡും വിതരണം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം. കാസിം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള 2,60,22,860 രൂപയുടെ വരവ് -ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റും വാര്‍ഷികയോഗത്തില്‍ അവതരിപ്പിച്ചു.

ജില്ലയില്‍ അര്‍ഹരായവര്‍ക്കെല്ലാം ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ നടപടി - മന്ത്രി എ.കെ.ബാലന്‍

ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഒരു മാസത്തിനകം പട്ടയം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ നിയമ-സംസ്‌കാരിക-പട്ടിക-പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് ഉദ്യോഗസ്ഥരുമായി ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ നവകേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ലൈഫ് (സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി) ഫലപ്രദമായി നടപ്പാക്കുന്നതിന് പട്ടയം അനിവാര്യമാണ്. പട്ടയമില്ലാത്തതിന്റെ പേരില്‍ അര്‍ഹരായ ആര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതിരിക്കരുത്. അതിനാല്‍ ഒരുമാസത്തിനകം റവന്യൂ വകുപ്പ് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ലക്ഷം വീട് കോളനികളിലും നാല് സെന്റ് കോള നികളിലും താമസിക്കുന്നവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കി സമിതിയുടെ അംഗീകാരത്തോടെ അനുവാദപത്രിക കൈമാറിയാല്‍ പട്ടയം അനുവദിക്കും. മറ്റുള്ളവര്‍ക്ക് റവന്യൂ വകുപ്പ് തന്നെ മുന്‍കൈയെടുത്ത് പട്ടയം നല്‍കും. ആദിവാസി മേഖലകളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഒരു സ്ഥലത്ത് തന്നെ താമസിക്കുന്ന നിര്‍ധനരായവരെ കുടിയൊഴിപ്പിക്കന്നത് മനുഷ്യത്വമല്ല-പ്രായോഗികവുമല്ല. ഇക്കാര്യങ്ങളില്‍ ഉദാരസമീപനമുണ്ടാവണം.- മന്ത്രി പറഞ്ഞു. വരള്‍ച്ചാപ്രതിരോധ നടപടികള്‍ കൂടാതെ ജില്ലയുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിവിധ വിഷയങ്ങള്‍ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികളുടെ കൂലി കുടിശ്ശികയായ 76 കോടി കേന്ദ്രത്തില്‍നിന്ന് ലഭ്യമാക്കാനുള്ള നടപടി, ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ക്രഷുകളിലെ ജീവനക്കാരുടെ മുടങ്ങിയ വേതനം, വിധവകളും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതുമായ സ്ത്രീകള്‍ക്കുള്ള ധനസഹായം. കളിമണ്‍ പാത്ര നിര്‍മാണത്തിന് കരപ്രദേശത്ത് നിന്നും മണ്ണെടുക്കാനുള്ള അനുവാദം. കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ മന്ത്രി ആരാഞ്ഞു. ജലസേചന കനാലുകള്‍ വൃത്തിയാക്കുന്നതിന് വിശദമായ പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. വരള്‍ച്ച മുതല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എന്നിവയ്ക്ക് കിട്ടാനുള്ള കുടിശ്ശിക, റിവര്‍ മാനെജ്‌മെന്റ് ഫണ്ടായി ആവശ്യപ്പെട്ട 3.60 കോടി രൂപ എന്നിവയുടെ തുടര്‍ നടപടി സര്‍ക്കാര്‍തലത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കണ്ണമ്പ്രയില്‍ കിന്‍ഫ്രയുടെ വ്യവസായപാര്‍ക്കിനും പാലക്കാട് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് തുടങ്ങുന്ന മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ സേപാര്‍ട്‌സ് ഹോസ്റ്റലിനുമുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ.മാര്‍ ജില്ലാകലക്ടര്‍ പി.മേരിക്കുട്ടി, ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ , സബ് കലക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം. എസ്. വിജയന്‍, വിവിധ ജില്ലാ ഓഫീസ് മേധാവികള്‍ പങ്കെടുത്തു.

നിയമങ്ങളുടെ പേരില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കരുത്: ജില്ലാ കലക്റ്റര്‍

നിയമങ്ങളുടെ പേര് പറഞ്ഞു ഫയല്‍ നീക്കത്തിന് കാല താമസം വരുത്തി ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കരുതെന്ന് ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടി പറഞ്ഞു. അട്ടപ്പാടിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കലക്റ്റര്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയുംഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് നിര്‍ദേശം. അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ഉണ്ട്. ഇത് നടപ്പിലാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏകോപനം അത്യാവശ്യമാണ്. ആദിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജില്ലാ ഭരണ കാര്യാലയം എല്ലാ വഴികളും സ്വീകരിക്കും.ആദിവാസി ഊരുകളില്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ ശുദ്ധത ജലസേചന വകുപ്പ് ഉറപ്പ് വരുത്തണം. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിð കുടിവെള്ളത്തിന്റെ ശുദ്ധതയില്ല യാതൊരു വിട്ടുവീഴ്ച്ചയും അനുവദിക്കില്ല. എവിടെ നിന്നാണ് ജലം സംഭരിക്കുന്നത്, വിതരണം ചെയ്യുന്ന ജലത്തിന്റെ അളവെത്ര, കൃത്യമായി എത്തിക്കുന്നുവോ, കുടിവെള്ള വിതരണ ടാങ്കറുകളില്‍ ജി.പി.എസ് സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുവോ എന്നീ കാര്യങ്ങള്‍ ജലസേചന വകുപ്പ് പരിശോധിക്കണമെന്നും ജില്ലാ കലക്റ്റര്‍ പറഞ്ഞു. എസ്.ടി. പ്രൊമോട്ടര്‍മാര്‍ കുടിവെള്ള ക്ഷാമമുള്ള ഊരുകള്‍ സന്ദര്‍ശിച്ച് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നുന്നെ് ഉറപ്പുവരുത്തി കലക്റ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. വനത്തിലൂടെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് ജില്ലാ കലക്റ്റര്‍ വനം വകുപ്പിന് കത്ത് നðകാനും യോഗത്തില്‍ ധാരണയായി. അഗളി ഗ്രാമപഞ്ചായത്തിലെ 40 കോടിയുടെ കാവുണ്ടിക്കല്‍ കുടിവെള്ള വിതരണ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജില്ലാ കലക്റ്റര്‍ നിര്‍ദേശം നല്‍കി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഈശ്വരിരേശ്വന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രത്‌നാ രാമമൂര്‍ത്തി, ശ്രീലക്ഷ്മി ശ്രീകുമാര്‍, ജ്യോതി അനില്‍കുമാര്‍, റവന്യു, ജലസേചന, ജലവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Programms

Videos

pooram history

pooram history

* * മണ്ണാര്‍ക്കാട് പൂരം തത്സമയ സംപ്രേഷണം * *

മണ്ണാര്‍ക്കാട് പൂരം തത്സമയ സംപ്രേഷണം മണ്ണാര്‍ക്കാട് പൂരം തത്സമയ സംപ്രേഷണം മണ്ണാര്‍ക്കാട് പൂരം തത്സമയ സംപ്രേഷണം അറിയിപ്പ് : തത്സമയ സംപ്രേഷണം കാണുന്നതിന് തടസ്സം അനുഭവിക്കുന്നവര്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുക

*മണ്ണാര്‍ക്കാട് പൂരം തത്സമയ സംപ്രേഷണം 2017 *

മണ്ണാര്‍ക്കാട് പൂരം തത്സമയ സംപ്രേഷണം 2017 മണ്ണാര്‍ക്കാട് പൂരം തത്സമയ സംപ്രേഷണം 2017 അറിയിപ്പ് : തത്സമയ ദൃശ്യം കാണുന്നതില്‍ തടസ്സം അനുഭവിക്കുന്നവര്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുക, സുഗമമായി ദൃശ്യങ്ങള്‍ കാണുന്നതിന് ഫുള്‍സ്‌ക്രീന്‍ സംവിധാനത്തില്‍ കാണാന്‍ ശ്രമിക്കുക.