ഒരു അറേബ്യന്‍ യാത്രയുടെ ഓര്‍മ്മകുറിപ്പുകള്‍ : കെ.പി.എസ് പയ്യനെടം.

മണ്ണാര്‍ക്കാട്ടെ വ്യവസായ പ്രമുഖനായ ബാവിക്ക എന്ന ടി അബൂബക്കര്‍ നല്ലൊരു സഹൃദയനും കൂടിയാണ് ധാരാളം വിദേശയാത്രകള്‍ അദ്ദേഹം നടത്താറുണ്ട് യാത്രകളില്‍ എന്നെയും കൂടെകൂട്ടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു പാസ്‌പോര്‍ട്ട് എടുത്ത് റെഡിയായിരിക്കാന്‍ എന്നോട്ട്പറഞ്ഞു വിദേശ യാത്ര എന്റെ തലയില്‍ കയറിയില്ല അത്‌കൊണ്ട് പാസ്‌പോര്‍ട്ട് എടുക്കല്‍ നീണ്ടുപോയി ബാവിക്കയുടെ നിര്‍ബന്ധം തുടര്‍ന്ന് കൊണ്ടിരിന്നു അങ്ങനെ പാസ്‌പോര്‍ട്ട് എടുത്തു അപ്പോള്‍ ബാവിക്ക ഉദ്ദേശിച്ച റൂട്ടില്‍ യാത്രാ പരിപാടി ഉണ്ടായിരുന്നില്ല പക്ഷെ മെക്കയിലേക്ക് തീര്‍ത്ഥാടക സംഘം നിരന്തരം പോകുന്നുണ്ടല്ലോ ബാവിക്ക എന്നെ അവയിലൊന്നില്‍ ബന്ധിപ്പിച്ചു രാഷ്ട്രീയ നേതാവ്കൂടിയായ ഫായിദ ബഷീറിന്റെ ഫായിദ ട്രാവല്‍സ് ആയിരുന്നു അത് എന്റെ യാത്ര തികച്ചും യാദൃക്ചികമായി വന്നതാണ് പക്ഷെ എന്റെ ഭാര്യയും ചില ബന്ധുക്കളും നേരെത്തെ തന്നെ മെക്കാ തീര്‍ത്ഥാടനത്തിന് ഒരുങ്ങിയിരുന്നു സംഗതിവശാല്‍ രണ്ടുപേരുടേയും യാത്ര ഒരേ സമയത്തായി ഞാന്‍ 2015 മാര്‍ച്ച് 1 ന് പുറപ്പെട്ടുകുടുംബം മാര്‍ച്ച് 2 നും മാര്‍ച്ച് 1 ന് ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ടു ആദ്യ വിമാനയാത്ര അതിന്റെ കൗതുകവും ഉത്കണ്ഠയും സമയം പോയതറിഞ്ഞില്ല അഞ്ചര മണിക്കൂര്‍ കടന്നുപോയി താഴെ ആയിരക്കണക്കിന് വിളക്കുകള്‍ നിറഞ്ഞ്കത്തുന്നു വിമാനം ലാന്റ് ചെയ്യുകയാണ് ജിദ്ദ സൗദി സമയം രാത്രി 10 മണി ഒരു വിദേശ രാജ്യത്തിന്റെ മണ്ണില്‍, ചരിത്രമുറങ്ങുന്ന അറേബ്യയുടെ മണ്ണില്‍ കാല് കുത്തുന്നു എന്ന ചിന്തയോടെ ഞാന്‍ ജിദ്ദയുടെ നിലംതൊട്ടുനിന്നു മെക്കയിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള ബസ്സ് വരാന്‍ കാത്തിരുന്നു സമയം 12 : 30 ബസ്സില്‍ മെക്കയിലേക്ക് രാത്രിയില്‍ കാഴ്ച്ചകള്‍ അവ്യക്തമായി ചിലയിടങ്ങളിലെ നഗരവെളിച്ചങ്ങളില്‍ എന്തോ ചിലത് കണ്ടു അറേബ്യ കാണാനായി ഇരുട്ടിലേക്ക് കണ്ണ് മിഴിച്ച് ഞാന്‍ ഇരുന്നു ബസ്സ് ഒരിടത്തുനിന്നു യാത്രക്കാര്‍ ഇറങ്ങുന്നു താമസിക്കാനുള്ള ഹോട്ടലിനുമുന്നിലാണ് ഫായിദ ബഷീറിന്റെ പിതാവ് ഞങ്ങളെ കാത്ത് നില്‍ക്കുന്നു അദ്ദേഹം അവിടെ സ്ഥിരമാണ് തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ ആറു നിലയുള്ള ഒരു ഹോട്ടല്‍ അദ്ദേഹം ഏറ്റെടുത്തിരിക്കയാണ് ഞങ്ങള്‍ ഹോട്ടലിലേക്ക് പിന്നെ കുറച്ചുവിശ്രമം പ്രഭാത വെളിച്ചത്തില്‍ മെക്ക നഗരം കാണാന്‍ ഞാന്‍ പുറത്തിറങ്ങി പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ നഗരം മലയാളി കരുതുന്ന പോലുള്ള പര്‍വ്വതങ്ങളല്ല ഒരു പുല്‍കൊടി പോലും മുളക്കാത്ത മലകള്‍ കൂറ്റന്‍ പാറക്കെട്ടുകളും ഉരുളന്‍ കല്ലുകളും മാത്രം നിറഞ്ഞ മലകള്‍ മലകളുടെ താഴ്‌വരയില്‍ വിശ്വ പ്രസിദ്ധമായ കഅ്ബ ദേവാലയവും അതിന്ചുറ്റും പള്ളിയും സമീപത്തെല്ലാം യാത്രക്കാരെ കാത്തുകിടക്കുന്ന കൂറ്റന്‍ ഹോട്ടല്‍ സമുച്ഛയങ്ങള്‍ മലഞ്ചരിവുകളിലും നിറയെ ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ അവയെല്ലാം പൊളിച്ചു നീക്കുകയാണ് പര്‍വ്വതങ്ങള്‍ അതേപടി നിലനിര്‍ത്താനാണെന്ന് കേട്ടു നല്ലത് മെക്കയിലെ പ്രധാന ആകര്‍ഷണം കഅബ ദേവാലയം തന്നെയാണ് കറുത്ത തിരശ്ശീലകൊണ്ട് മൂടിയ ചതുരാകൃതിയിലുള്ള ഒരു ചെറിയ നിര്‍മ്മിതി മറ്റൊന്നുമില്ല പക്ഷെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രവും കോടാനുകോടി മനുഷ്യരുടെ സാന്നിദ്ധ്യവും കഅ്ബയെ അസാധാരണമാക്കുന്നു കഅബക്കുചുറ്റും മെക്കാപ്പള്ളി ലക്ഷങ്ങള്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥന നടത്താവുന്നവിധം വിശാലം തൊണ്ണൂറില്‍ അധികം വാതിലുകള്‍ അകത്ത് കൊത്തുവേലകളുടെ ശില്‍പഭംഗി ഓരോ പ്രാര്‍ത്ഥന വേളയിലും ലക്ഷങ്ങള്‍ പള്ളിയിലേക്ക് ഒഴുകി എത്തുന്നു പള്ളിക്കകത്തും മുറ്റത്തും സമീപവുമുള്ള റോഡുകളില്‍ കിലോ മീറ്റര്‍ നീളത്തിലും ആളുകള്‍ പ്രാര്‍ത്ഥനക്കായി അണിനിരക്കുന്നു ലോകത്തിന്റെ ഒരു പരിചേഛദം പലഭാഷക്കാര്‍ പലവേഷക്കാര്‍ മെക്കയിലെ ഒരു ശ്രദ്ധേയമായ ആകര്‍ഷണീയത ഈ വൈവിധ്യമുള്ള മനുഷ്യരുടെ കൂടിച്ചേരലാണെന്ന് എനിക്ക് തോന്നി പള്ളിയുടെ സമീപമാണ് പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ച വീട് ഉണ്ടായിരുന്നത് എന്ന് കരുതപ്പെടുന്നു ആ സ്ഥലത്ത് ഒരു ഗ്രന്ഥശാലയാണ് സൗദി ഭരണകൂടം സ്ഥാപിച്ചിട്ടുള്ളത് സൗദി സര്‍ക്കാരിനെ ഞാന്‍ മനസ്സുകൊണ്ട് അഭിനന്ദിച്ചു വായനശാലയുടെ മുറ്റത്തു നിന്ന് അവിടെ ഇരിക്കുന്ന കറുത്ത അറബിയോട് ഞാന്‍ ചിലതൊക്കെ ചോദിച്ചറിഞ്ഞു അയാള്‍ ഏതാനും പുസ്തകങ്ങള്‍ എനിക്ക് നല്‍കി പുസ്തകവും ഭക്ഷണവും ധാരാളമായി വെറുതെ കിട്ടും ബിരിയാണി പൊതികള്‍ നിറച്ച വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് കൈ കാണിക്കുന്നവര്‍ക്കെല്ലാം കൊടുത്തുകൊണ്ടിരിക്കും അവിടുത്തെ ധനാഢ്യരായിരിക്കാം പൊതി വാങ്ങുന്നത് പിച്ചക്കാരൊന്നുമല്ല തീര്‍ത്ഥാടനത്തിനെത്തുന്ന ആരും അത്‌വാങ്ങിക്കൊണ്ടുപോകും ഈത്തപ്പഴവും സൗജന്യമായി ധാരാളം ലഭിക്കും പള്ളിക്കകത്തുവെച്ച് കുബ്ബൂസ് എന്ന അറബി റൊട്ടി വിതരണം ചെയ്യുന്നവരേയും കണ്ടു മെക്ക നഗരത്തിന് സമീപം ഒരു മ്യൂസിയത്തില്‍ പോകാന്‍ അവസരം കിട്ടി

പഴയകാല വസ്തുക്കള്‍ പലതും അവിടെയുണ്ട് പ്രവാചകന്റെ കാലത്തുള്ളത് എന്ന് കരുതപ്പെടുന്ന മരംകൊണ്ട് നിര്‍മ്മിച്ച ഒരു പ്രസംഗപീഠം കണ്ടു അതിനുള്ള തേക്ക് നിലമ്പൂരില്‍ നിന്ന് കൊണ്ടുപോയതാണത്രേ അറബികള്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ കച്ചവടത്തിനുവന്നിരുന്നല്ലോ ഹോട്ടലില്‍ ഭക്ഷണം എത്തിക്കുന്നത് പയ്യനെടത്തുകാരനായ വാരിയങ്കാടന്‍ യൂസഫ് എന്ന ചെറുപ്പക്കാരനാണ് യൂസഫ് അവിടെ കാറ്ററിംഗ് ബിസിനസ്സ് നടത്തുന്നു വിവിധ ഹോട്ടലുകളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് യൂസഫ് മൂന്നുനേരവും ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുന്നു മെക്കയില്‍ നിന്നും മടങ്ങുമ്പോള്‍ ഒരു വലിയ കിറ്റ് ഇത്തപ്പഴം യൂസുഫ് തന്നത് നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു ഒമ്പത് ദിവസം മെക്കയില്‍ നിന്നു ജിദ്ദയിലെ ഒരു സാംസ്‌കാരിക പരിപാടിയില്‍ എന്നെ പങ്കെടുപ്പിക്കാന്‍ ചില സുഹൃത്തുക്കള്‍ ശ്രമിച്ചു ഞായറാഴ്ച്ചയായതുകൊണ്ട് ആളുകളെ സംഘടിപ്പിക്കാന്‍ പ്രയാസമായിരുന്നു ഞാന്‍ മക്കയിലെത്തിയ വിവരം അവര്‍ അറിയാന്‍ വൈകി അത്‌കൊണ്ട് ജിദ്ദയിലെ ഒരു സാംസ്‌കാരിക പരിപാടി നഷ്ട്ടമായി ഒമ്പതാം ദിവസം മെക്കയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ടു നഗരത്തിനുപുറത്തുകടന്നപ്പോള്‍ തന്നെ മരുഭൂമി ആരംഭിച്ചു ഇനിയുള്ള ദീര്‍ഘമായ യാത്ര മരുഭൂമിയിലൂടെയാണ് എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി ഒരു കേരളീയനെ സംബന്ധിച്ച് അസാധാരണമായ കഴ്ച്ചയാണല്ലോ മരുഭൂമി കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മണല്‍പരപ്പ് ചക്രവാളത്തിനും അപ്പുറത്തേക്ക് അത് നീണ്ടുപോകുന്നു അങ്ങിങ്ങായി ചില കുറ്റിച്ചെടികള്‍ കഠിനമായ ചൂടിനെ അതിജീവിച്ച് അവ നിലകൊണ്ടു ഏതുകാലവസ്ഥയിലും ജീവന്‍ തളിര്‍ത്തുനില്‍ക്കുന്നു മരുഭൂമി ഒന്നുമില്ലാത്ത ശൂന്യതയല്ല അത് ഒരു ആവാസ വ്യവസ്ഥയാണ് അനേക ലക്ഷം ജീവജാലങ്ങള്‍, സസ്യലതാദികള്‍ മരുഭൂമിയിലുണ്ടെന്ന് ശാസ്ത്രം പറയുന്നു ഒറ്റപ്പെട്ട ഒട്ടക കൂട്ടങ്ങളെ കണ്ടു ഇസ്‌ലാമിക ചരിത്രത്തില്‍ ഈ മരുഭൂമിക്ക് വലിയ പ്രാധാന്യമുണ്ട് ശത്രുക്കളെ ഭയന്ന് മെക്കയില്‍ നിന്ന് പാലായനം ചെയ്ത പ്രവാചകന്‍ ഈ മരുഭൂമിയിലൂടെയാണ് മദീനയിലേക്ക് പോയത് ഏകദേശം 450 കിലോ മീറ്റര്‍ ദൂരമുണ്ട് രണ്ട് നഗരങ്ങള്‍ക്കുമിടയില്‍ പക്ഷെ യാത്രക്കെടുക്കുന്ന സമയം കേവലം 5 മണിക്കൂര്‍ മാത്രം അത്രയും നല്ല ഹൈവേയിലൂടെയാണ് യാത്ര ഇടക്ക് ഒരിടത്ത് വാഹനം നിര്‍ത്തി ഒരു പെടോള്‍പമ്പ്, കുറച്ച് കടകള്‍, ചില ചില്ലറ വില്‍പ്പനക്കാര്‍, ഒരു പള്ളി എന്നിവയാണ് അവിടെ ഉണ്ടായിരുന്നത് ഗ്ലാസ്സ്‌കൂടിനകത്ത് നിന്ന് ചായ പകര്‍ന്ന് നല്‍കുന്നത് ഒരു മലയാളി ചെറുപ്പക്കാരനായിരുന്നു നാട്ടില്‍ കഴിയുന്നവരുടെ ജീവിതത്തിന് ആശ്വാസമേകാന്‍ അയാള്‍ ആ ഉഷ്ണമരുഭൂമിയുടെ വിജനതയില്‍ ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു ഉച്ച കഴിഞ്ഞ് 2 മണിക്ക് മദീന പട്ടണത്തില്‍ എത്തി മെക്കയിലെ പോലെ ഇവിടെ പര്‍വ്വതങ്ങള്‍ കാണാനില്ല വിശാലമായ നഗരം നിരപ്പായ പാതകള്‍ തിരക്കുപിടിച്ച നഗരം മെക്കയേക്കാള്‍ സുന്ദരമാണ് മദീന നഗരം നേരിയ തണുപ്പുള്ള കാലാവസ്ഥ പ്രവാചകന്‍ മുഹമ്മദ് നബി തന്റെ ജീവിതത്തിന്റെ വലിയൊരു കാലഘട്ടം ചെലവഴിച്ചത് മദീനയിലാണ് പ്രവാചകന്റെ കബറിടമാണ് ഇവിടുത്തെ ഒരു ആകര്‍ഷണകേന്ദ്രം വിശാലമായ പള്ളി സ്വര്‍ണ്ണ നിറമാര്‍ന്ന ശില്‍പവേലകളും ദീപാലങ്കാരങ്ങളുംകൊണ്ട് നയന മനോഹരമായിക്കുന്നു വിശാലമായ, മാര്‍ബിള്‍ പതിച്ചമുറ്റം സൂര്യനുദിക്കുമ്പോള്‍ വിടരുകയും സന്ധ്യയാകുമ്പോള്‍ സ്വയം ചുരുങ്ങുകയും ചെയ്യുന്ന നൂറുകണക്കിന് കുടകള്‍ മുറ്റത്തുനിന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തണലേകുന്നു പ്രവാചകന്റെ കബറിടം ഇരുമ്പുകവചങ്ങള്‍ കൊണ്ട് മറച്ചിരിക്കുന്നു അതിനരികിലൂടെ കടന്നുപോകാം അവിടെ നിന്ന് പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ല മരിച്ചവരോട് പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ലെന്നാണ് സൗദി ഭരണകൂടത്തിന്റെ കാഴ്ച്ചപ്പാട് മദീനയില്‍ വെച്ച് മലയാളിയായ ശ്യാമിനെ പരിചയപ്പെട്ടു അവിടെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മാനേജറാണ് ശ്യം പറളി സ്വദേശി ശ്യം ഞങ്ങള്‍ കുറച്ചുപേരെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ശ്യാമിന്റെ കുടുംബം അറേബ്യന്‍ കുഴിമന്തി നല്‍കി ഞങ്ങളെ സല്‍ക്കരിച്ചു മറ്റൊരു ദിവസം ശ്യം ഞങ്ങളെ അദ്ദേഹത്തിന്റെ വാഹനത്തില്‍ കുറേ ദൂരേക്ക് കൊണ്ടുപോയി വിശാലമായ ഈത്തപ്പഴതോട്ടങ്ങള്‍ അവിടെ കണ്ടു ജല സമൃദ്ധിയും നിറയെ പച്ചപ്പുമുള്ള സ്ഥലം സൗദിയില്‍ ചെന്നശേഷം ആദ്യമായി കാണുകയായിരുന്നു വെള്ളം മേല്‍പ്പോട്ടൊഴുകുന്ന ഒരു കൗതുക കഴ്ച്ചയും ശ്യാം കാണിച്ചുതന്നു ഞങ്ങള്‍ റോഡിലിറങ്ങി കുപ്പിയിലെ വെള്ളം റോഡിലൊഴിച്ചു ഉയരമുള്ള ഭാഗത്തേക്ക് അത് ഒഴുകിപോയി മറ്റുപല യാത്രക്കാരും ഇത് കാണാന്‍ റോഡിലിറങ്ങിയിട്ടുണ്ടായിരുന്നു ഇവിടെ കുന്നുകയറുമ്പോള്‍ വാഹനം നൂട്രലില്‍ ഓടും സാധാരണ ഇറക്കത്തിലാണല്ലോ നൂട്രലില്‍ വണ്ടി ഓടുന്നത് ഇത് ദിവ്യാത്ഭുതമൊന്നുമല്ല ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലുള്ള മാറ്റമാണ് ഗുരുത്വാകര്‍ഷണബലം ഇവിടെ എതിര്‍ദിശയില്‍ പ്രവര്‍ത്തിക്കുന്നു ലോകത്തില്‍ ഇങ്ങനെ 12 സ്ഥലങ്ങള്‍ ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞു ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാന്യമുള്ള ചില സ്ഥലങ്ങള്‍ കൂടി ശ്യം കാണിച്ചുതന്നു ശ്യാമിനെ കിട്ടിയില്ലായിരുന്നെങ്കില്‍ അതൊന്നും കാണാന്‍ കഴിയുമായിരുന്നില്ല മാര്‍ച്ച് 15 നായിരുന്നു മടക്കയാത്ര പുലര്‍ച്ചെ 12 : 30 ന് ജിദ്ദയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ കേരളത്തിലേക്ക് രാവിലെ 9 : 30 ന് നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങുമ്പോള്‍ സത്യം പറയാമല്ലൊ നല്ല ആശ്വാസമുണ്ടായിരുന്നു വിദൂര ദേശങ്ങള്‍ കൗതുകങ്ങളും അല്‍ഭുതങ്ങളും കാണിച്ചുതരുന്നുണ്ട് യാഥാര്‍ത്ഥ്യം തന്നെ പക്ഷെ പച്ചപിടിച്ച കേരളത്തിന്റെ മണ്ണ് നല്‍കുന്ന സുഖം അതൊന്ന് വേറെ തന്നെയാണ് സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന അറേബ്യന്‍ ഭൂപ്രദേശം നല്‍കിയ മറക്കാത്ത ഓര്‍മ്മകളുമായി ഞാന്‍ വീണ്ടും എന്റെ കര്‍മ്മ പഥങ്ങളിലേക്ക്